2010, ജനുവരി 8, വെള്ളിയാഴ്ച

നാല് സുവിശേഷകര്‍ നാലു തരത്തില്‍; ഏതാണു ശരി?

സുവിശേഷങ്ങളിലൂ‍ടെയാണ് യേശുവിന്റെ ചരിത്രം ഭൂരിഭാഗവും അനാവരണം ചെയ്യപ്പെടുന്നത്‌. നാലു പേരാണ് ഇത് എഴുതിയിട്ടുള്ളത്‌. ചില സംഭവങ്ങള്‍ അവര്‍ നാലുപേരും നാലു തരത്തിലാണ് ചിത്രീകരിച്ചിരിക്കുന്നത്‌. ചില സംഭവങ്ങള്‍ ഒന്നോ രണ്ടോ പേര്‍ രേഖപ്പെടുത്തിയിട്ടും ഇല്ല. എന്താണിതിന്റെ അര്‍ത്ഥം? ഇവര്‍ എഴുതിയത് യഥാര്‍ത്ഥമാണോ? ആരെഴുതിയതാണ് ശരി?

അതിലേക്കു വരും മുമ്പ് നമ്മുക്കു ഇന്നലെ നടന്ന ഇന്ത്യന്‍ - ബംഗ്ലാദേശ് മത്സരം അവലോകനം ചെയ്യാം. കളി നേരിട്ടു കണ്ടവരുണ്ട്, പത്രങ്ങളിലൂടെ കളിയുടെ വിവരങ്ങള്‍ അറിഞ്ഞവരുണ്ട്, ഇന്റര്‍നെറ്റിലൂടെ കളിയുടെ പുരോഗതി പരിശോധിച്ചവരുണ്ട്‌. മനോരമ, മാതൃഭൂമി, ക്രിക് ഇന്‍ഫോ, ക്രിക് ബസ് എന്നിവയുടേ റിപ്പോര്‍ട്ടുകള്‍ അതാതു ലിങ്കില്‍ പോയി നോക്കാം. ഇവരെല്ലാവരും ഒരേ പോലെയാണോ ഈ കളിയെ പറ്റി എഴുതിയിരിക്കുന്നത്‌? ഇവരെല്ലാവരും എഴുതിയതു ശരിയാണോ? അല്ലെങ്കില്‍ ആരെഴുതിയതാണ് ശരി? പരിശോധിച്ചാല്‍ ഒന്നു മനസ്സിലാകും; എല്ലാവരും എഴുതിയതിന്റെ ആശയം ഒന്നു തന്നെ. കളി ഇന്ത്യ ജയിച്ചു; ധോണി അതിനു ചുക്കാന്‍ പിടിച്ചു. ചിലര്‍ വിരാട് കോഹ്‌ലി ക്കും കൂടി പ്രാധാന്യം കൊടുത്തിട്ടുണ്ട്. ചിലര്‍ അത്രയ്ക്കും ഇല്ല. അത് ഓരോരുത്തരുടേയും രീതിയാണ് എങ്ങിനെ ഈ സംഭവം തങ്ങളുടെ വായനക്കാരിലേക്ക് എത്തിക്കണം എന്നത്. എക്കണോമിക് ടൈംസ് പോലെയുള്ള പത്രങ്ങളില്‍ ഈ കളിയുടെ വാര്‍ത്തയേ കാണുമായിരിക്കില്ല. (ഉണ്ടെങ്കില്‍ തന്നെ അതു ചെറിയ ഒരു കള്ളിയേ ഉണ്ടാകുകയുള്ളൂ. ) എന്താണതിനര്‍ത്ഥം ? ഈ കളി നടന്നിട്ടില്ല എന്നാണോ?

കളി നേരിട്ടു കണ്ടിട്ടില്ലാത്ത ഒരാള്‍ക്ക് ഈ മാധ്യമങ്ങളെ ആശ്രയിക്കുകയേ നിവര്‍ത്തിയുള്ളൂ. ഇതില്‍ ഏതേങ്കിലും ഒരാള്‍ ‘ഇന്ത്യ ജയിച്ചു; കോഹ്‌ലിക്ക് സെഞ്ചുറി’ എന്ന വാര്‍ത്ത കൊടുത്താല്‍ അതു മറ്റു പത്രങ്ങളുമായി വൈരുദ്ധ്യം ഉണ്ടെന്നു പറയാം. അപ്പോള്‍ ഓരോരുത്തരം എഴുതിയതിന്റെ വിശദാംശങ്ങളിലേക്ക് പോയി, സ്കോര്‍ ബോര്‍‌ഡും , വിക്കറ്റു വീഴചയുടെ കണക്കും ഒക്കെ നിരത്തി ഏതാണ് ശരി എന്നു കണ്ടു പിടിക്കാം.

ഇനി ബൈബിളിലേക്ക് വരാം. നാലു സുവിശേഷകന്മാര്‍ എഴുതിയതില്‍ എന്തേങ്കിലും വൈരുദ്ധ്യം ഉണ്ടോ? യേശുവിന്റെ കൂടെ രണ്ടു കള്ളന്മാരെ കുരിശില്‍ കയറ്റിയെന്ന് ഒരാളും അതല്ല മൂന്നു പേരെയാണ് കുരിശില്‍ കയറ്റിയതെന്ന് മറ്റൊരാളും പറഞ്ഞാല്‍ അതു വൈരുദ്ധ്യമാകും. പക്ഷേ ഒപ്പം തൂക്കിലേറ്റിയത് എത്ര പേരെയെന്ന് ഒരാള്‍ പറഞ്ഞിട്ടിലെങ്കില്‍ അതു വൈരുദ്ധ്യമാവുകയില്ല. മറിച്ച് ആ കാര്യത്തിനു ലേഖകന്‍ പ്രാധാന്യം കൊടുത്തിട്ടില്ല എന്നേ കരുതാനേ കഴിയൂ.

ഓരോ സുവിശേഷകനും അദ്ദേഹത്തിനു പ്രാധാന്യം തോന്നിയ കാര്യങ്ങളേ എഴുതുകയുള്ളൂ. ഒരോരുത്തരും അവരുടെ ചുറ്റുപാടുമുള്ള ആളുകള്‍ക്കു വേണ്ടിയാ‍കും പ്രധാനമായും ടാര്‍ജെറ്റ് ചെയ്യുക. ചിലര്‍ യേശുവിന്റെ ഉപമകളും അത്ഭുതങ്ങളുമാകും കൂടുതല്‍ വിവരിക്കുക; മറ്റൊരാള്‍ യേശുവിന്റെ ചൈതികളും അതിലെ ദൈവികത്വവുമാകും പ്രാധാന്യം കൊടുത്തുകാണുക. ഒരാള്‍ എഴുതിയതിനു ഒരു പക്ഷേ സമയക്രമമായ ഒരു ഓര്‍ഡര്‍ ഉണ്ടാകും. മറ്റൊരാള്‍ ഒരു പക്ഷേ സമയത്തിനു പ്രാധാന്യം കൊടുക്കാതെ അദ്ദേഹത്തിന്റെ മനസ്സില്‍ ഓടിയെത്തിയ സംഭവമായിരിക്കും ആദ്യം എഴുതുക. ചിലര്‍ക്ക് ചില പ്രത്യേക ഉപമകള്‍ ഇഷ്ടപ്പെട്ടിരിക്കാം അതായിരിക്കാം അവരുടെ മനസ്സില്‍ തങ്ങി നില്‍ക്കുന്നുണ്ടാകുക. ചില ഉപമകള്‍ക്കോ സംഭവങ്ങള്‍ക്കോ അവര്‍ പ്രാധാന്യം കൊടുത്തുകാണില്ല. അതുകൊണ്ട് അവര്‍ അതിനെ പറ്റി എഴുതികാണില്ല.

ഒരു സംഭവം നടന്നാല്‍ അതു കണ്ടു നിന്നവര്‍ മറ്റുള്ളവര്‍ക്ക് അതു വിവരിച്ചു കൊടുക്കുന്നത്‌ ശ്രദ്ധിച്ചിട്ടുണ്ടോ? പലതരമായിരിക്കും. ഉദ്ദാഹരണത്തിന് തൃശ്ശൂര്‍ പൂരത്തിനിടയ്ക്ക് ഒരു ആന ഇടഞ്ഞു എന്നു കരുതുക. എന്നിട്ട് രണ്ടു പേരെ അതു കുത്തി കൊല്ലുന്നു. ഈ സംഭവം കണ്ട പതിനായിരകണക്കിന് ആളുകളുണ്ടാകും. അവര്‍ വീട്ടില്‍ ചെന്നു പറയാന്‍ പോകുന്ന വിശേഷം എന്തായിരിക്കും.

ഒരാള്‍ അമ്മയോട്: തൃശ്ശൂര്‍ പൂരത്തിനു ഒരു ആന ഇടഞ്ഞു. കുറച്ചെണ്ണത്തിനെ കുത്തി കൊന്നു.
ഇതേ ആള്‍ അച്ഛനോട്: പൂരത്തിന്റെ ഇടയില്‍ ഒരാന ഇടഞ്ഞു. രണ്ടെണ്ണം കാഞ്ഞു എന്നാ തോന്നുന്നേ.
(അച്ഛന് അറിയുമായിരിക്കും മോന്‍ തൃശ്ശൂര്‍ പൂരത്തിനു പോയ വിവരം അപ്പോള്‍ ഏതു പൂ‍രത്തിനു എന്നു പ്രത്യേകം പറയേണ്ട കാര്യം വരുന്നില്ല. മാത്രവുമല്ല എണ്ണവും കൃത്യമായി അച്ഛനെ ധരിപ്പിക്കുന്നു.)
അതേ സമയം ഒരു ആന പ്രേമി എങ്ങിനെയായിരിക്കും സംഭവം വിവരിക്കുക?
ഒരു പക്ഷേ ഇങ്ങിനെയായിരിക്കും:
“ഓഹ്, മഠത്തില്‍ വരവിന്റെ സമയം. അമ്പാടി കണ്ണന്റെ പിന്നിലായി ശങരകുളങ്ങരെ ശങ്കരന്‍, അതിന്റെ പിന്നില്‍ തിരുവമ്പാടി ശേഖരന്‍ ... (ആനകളുടെ പേര് സാങ്കല്‍പ്പികം മാത്രം) അങ്ങിനെ ഇരിക്കുമ്പോ ശങ്കരന്‍ ഒരു തിരിയലാ... ശേഖരന്റെ കൊമ്പുമേ തട്ടിയോ എന്നറിയില്ലാ ശങ്കരന്‍ ഒറ്റചാട്ടം ... കഷ്ടകാലത്തിനു ശങ്കരന്റെ കൊമ്പിന്റെ അടിയില്‍ രണ്ടു പേര്‍ പെട്ട് അവര്‍ മരിച്ചു.“
അവതരണത്തിലുള്ള വ്യത്യാസം ശ്രദ്ധിച്ചു കാണും എന്നു വിശ്വസിക്കുന്നു.

ഇങ്ങനെ തന്നെയാണ് സുവിശേഷകന്മാരുടേയും കാര്യം... (അവലംബം : പി.ഓ.സി)
മത്തായി സുവിശേഷം എഴുതിയത് യഹൂദരുടെ ഇടയില്‍ വച്ചാണ്. യഹൂദമതത്തില്‍നിന്നു യേശുവിന്റെ ശിഷ്യത്വം സ്വീകരിച്ച പലസ്തീനായിലെ ക്രൈസ്തവസമൂഹത്തെ പ്രധാനമായി ഉദ്ദേശിച്ചാണു മത്തായി ഈ സുവിശേഷം രചിച്ചത്. അക്കാരണത്താല്‍, നൂറ്റാണ്ടുകളിലൂടെ യഹൂദജനം പ്രതീക്ഷിച്ചുകൊണ്ടിരുന്ന രക്ഷകനായി യേശുവിനെ ഈ സുവിശേഷത്തില്‍ അവതരിപ്പിക്കുന്നു.
മാര്‍ക്കോസ് പലസ്തീനാക്കാരല്ലാത്ത വിജാതീയ ക്രിസ്ത്യാനികള്‍ക്കുവേണ്ടിയാണ് ഈ സുവിശേഷം എഴുതപ്പെട്ടത്. വിജാതീയരെ പ്രത്യേകം ഉദ്ദ്ദേശിച്ചുള്ള വിശദീകരണങ്ങള്‍ (7, 27; 8, 1വ9; 10, 12; 11, 7; 13, 10) ഈ വസ്തുത സൂചിപ്പിക്കുന്നു.

ലൂക്കാ വിജാതീയ മാതാപിതാക്കളില്‍നിന്നു ജനിച്ചു... വിജാതീയരുടെ ഇടയിലേക്കു വളര്‍ന്നുവികസിച്ചുകൊണ്ടിരുന്ന സഭയുടെ ആവശ്യങ്ങള്‍ മനസ്സിലാക്കാന്‍മറ്റാരെയുംകാള്‍ ലൂക്കായ്ക്കു കഴിയുമായിരുന്നു...രക്ഷാകരപദ്ധതി വിജാതീയരെക്കൂടെ ഉള്‍കൊള്ളുന്നതാകയാല്‍ അവര്‍ക്കു പ്രത്യകിച്ചും സ്വീകാര്യമായൊരു വീക്ഷണം അവലംബിക്കുന്നതിലാണു സുവിശേഷകന്റെ സവിശേഷശ്രദ്ധ പതിയുന്നത്.
യോഹന്നാന്‍ യേശുവിന്റെ പ്രേഷ്ടശിഷ്യനായും അവിടുത്തെ ജീവിതത്തിലെ സംഭവങ്ങള്‍ക്കു ദൃക്സാക്ഷിയായും ചിത്രീകരിക്കുന്ന 2 സന്ദര്‍ഭങ്ങള്‍ സുവിശേഷത്തില്‍ത്തന്നെ കാണുണ്ട് (യോഹ 19,35; 21,24)....യേശുവിന്റെ വ്യക്തിത്വത്തെ വെളിപ്പെടുത്തുന്ന അവിടുത്തെ വാക്കുകളും പ്രവൃത്തികളുമാണ് ഈ സുവിശേഷത്തിന്റെ ഉളളടക്കം. ഇവയുടെ ബാഹ്യമായ വിശദാംശങ്ങളില്‍ തങ്ങിനില്ക്കാതെ, ആന്തരാര്‍ത്ഥത്തിലേക്കു ചുഴിഞ്ഞിറങ്ങി, യേശുവില്‍ പൂര്‍ത്തിയായരക്ഷാകരരഹസ്യം വെളിപ്പെടുത്താനാണ് ഗ്രന്ഥകര്‍ത്താവിന്റെ ശ്രമം.

ഇനി ഇവര്‍ എഴുതിയ കാലഘട്ടവും സമയവും സ്ഥലവും വ്യത്യസ്തമാണ്. (അവലംബം : പി.ഓ.സി)
മത്തായി : എ.ഡി.75വനും 90വനും ഇടയ്ക്ക്
മാര്‍ക്കോസ്: എ. ഡി. 65 വ നും 70 വ നും ഇടയ്ക്കു റോമില്‍വച്ച്
ലൂക്ക: എ.ഡി. 70-നു ശേഷം ഗ്രീസില്‍വച്ച്
യോഹന്നാന്‍ : എ.ഡി. 95ല്‍ എഫേസോസില്‍ വച്ച്

ഒരു പക്ഷേ തമ്മില്‍ പിരിഞ്ഞതിനു ശേഷം ഇവര്‍ പരസ്പരം കണ്ടു പോലും കാണില്ല. എന്നിട്ടും അവര്‍ എഴുതിയ ഉള്ളടക്കത്തിനു അടുത്ത സാമ്യമുണ്ട്. അതിന്റെ കേന്ദ്രം ഒന്നു തന്നെയാണ്; യേശു, യേശുവിന്റെ പ്രവര്‍ത്തികള്‍, അത്ഭുതങ്ങള്‍, ഉപമകള്‍, മരണം, ഉത്ഥാനം. അവതരണത്തില്‍ പ്രകടമായ വ്യത്യാസമുണ്ട്. ഇല്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.

വാല്‍കഷ്ണം: ‘ഈച്ച’ കോപ്പി എന്ന പദം കോളേകുകളില്‍ അസൈന്മെന്റ് എഴുതിയിട്ടുള്ളവര്‍ക്കറിയാം. ഇത് അതല്ല എന്നു ചുരുക്കം.

തുടരും...

5 അഭിപ്രായ(ങ്ങള്‍):

sajan jcb പറഞ്ഞു...

എന്നിട്ടും അവര്‍ എഴുതിയ ഉള്ളടക്കത്തിനു അടുത്ത സാമ്യമുണ്ട്. അതിന്റെ കേന്ദ്രം ഒന്നു തന്നെയാണ്; യേശു, യേശുവിന്റെ പ്രവര്‍ത്തികള്‍, അത്ഭുതങ്ങള്‍, ഉപമകള്‍, മരണം, ഉത്ഥാനം. അവതരണത്തില്‍ പ്രകടമായ വ്യത്യാസമുണ്ട്. ഇല്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ.

ചിന്തകന്‍ പറഞ്ഞു...

മുഹമ്മദ് നബി, സുവിശേഷത്തിലും തോറയിലും

KK Alikoya പറഞ്ഞു...

കുരിശ്‌ സംഭവത്തെക്കുറിച്ച് ഇവിടെയും വായിക്കാം.

Subair പറഞ്ഞു...

എന്നിട്ടും അവര്‍ എഴുതിയ ഉള്ളടക്കത്തിനു അടുത്ത സാമ്യമുണ്ട്. അതിന്റെ കേന്ദ്രം ഒന്നു തന്നെയാണ്; യേശു, യേശുവിന്റെ പ്രവര്‍ത്തികള്‍, അത്ഭുതങ്ങള്‍, ഉപമകള്‍, മരണം, ഉത്ഥാനം. അവതരണത്തില്‍ പ്രകടമായ വ്യത്യാസമുണ്ട്. ഇല്ലെങ്കിലേ അത്ഭുതപ്പെടേണ്ടതുള്ളൂ
..
വാല്‍കഷ്ണം: ‘ഈച്ച’ കോപ്പി എന്ന പദം കോളേകുകളില്‍ അസൈന്മെന്റ് എഴുതിയിട്ടുള്ളവര്‍ക്കറിയാം. ഇത് അതല്ല എന്നു ചുരുക്കം.
================


സാജന്‍, താങ്കളോട് വിയോചിപ്പുണ്ട്.
സമാന്തര സുവിശേഷങ്ങള്‍ (മത്തായി, മാര്‍കോസ്, ലൂകൊസ്) തമ്മില്‍ കേവല സാമ്യം മാത്രമല്ല ഉള്ളത്, മത്തായിയും, ലൂകൊസും മാര്‍കോസിനെ ഏകദേശം മുഴുവായും തെന്നെ "ഈച്ച കോപി" തെന്നെ ചെയ്യുകയായിരുന്നു. ലൂകൊസും, മത്തായിയും മാര്‍കോസ് ഏകദേശം മുഴുവനായി തെന്നെ പദാനുപദം പകര്‍ത്തിയിട്ടുണ്ട്. പലപ്പോഴും വിവരണം അതെ ക്രമത്തില്‍ തെന്നെയാണ് പോകുന്നത്.

സാജന് സംശയം ഉണ്ടെങ്കില്‍ രു പരീക്ഷണം നടത്തി നോക്കുക. ഒരു പത്തു പോരോട് ഒരു സംഭവത്തെ ക്കുറിച്ചോ, വ്യക്തിയെ ക്കുറിച്ചോ ഏതാനും പേജുകള്‍ എഴുതാന്‍ ആവശ്യപ്പെടുക. എന്നിട്ട് അവ തമ്മില്‍ താരതമ്യം ചെയ്ത്, അവരില്‍ ഏതെന്കിലും രണ്ടാളുകള്‍, സമാന്തര സുവിശേഷങ്ങളില്‍ കാണുന്ന പോലെ, ഏറെക്കുറെ ഒരേ വാക്കുകള്‍ ഉപയോഗിച്ച് ഒരേ ക്രമത്തില്‍ ആണോ എഴുതിയിട്ടുള്ളത് എന്ന് പരിശോധിക്കുക.

മത്തായിയും, ലൂകൊസും മാര്കൊസിനെ കൂടാതെ മറ്റൊരു സോഴ്സ് കൂടെ തങ്ങളുടെ സുവിശേഷ രചനക്ക് ഉപയോഗിച്ചിരുന്നു എന്നും പണ്ടിതമാര്‍ അനുമാനിക്കുന്നുണ്ട്, അതെ പോലെ തെന്നെ പലപ്പോഴും മത്തായിയും ലൂകൊസും, മാര്‍കോസ് വിവരിച്ചത്തിനേക്കാളും ഉയര്‍ന്ന സ്ഥാനത് യേശുവിനെ പ്രതിഷ്ടിക്കാന്‍ വേണ്ടി കഥകള്‍ പര്‍വതീകരിച്ച് പറയുന്നതായും, യേശുവിന്റെ വാക്കുകള്‍ തെറ്റായി ഉദ്ധരിക്കുന്നതും സുവിശേഷങ്ങളില്‍ കാണാന്‍ കഴിയും. അഥവാ യേശുകഥകള്‍ മാര്കൊസില്‍ നിന്നും മത്തായില്‍ എത്തുമ്പോഴേക്കു ഒരു പാട് പരിണമിക്കുന്നതായി നാം കാണുന്നു. ഇത് പിന്നീട് അവസാനം എഴുതപെട്ട നാലാം സുവിശേഷത്തിലേക് എത്തുമ്പോഴേക്കു ദൈവത്തിനും സൃഷ്‌ടിക്കും ഇടയിലുള്ള ഏജന്റായി യേശു മാറുന്നു. അത് പിന്നെയും പരിണമിച്ചാണ് യേശു ദൈവം തെന്നെയായി മാറുന്നത്.

sajan jcb പറഞ്ഞു...

കമന്റിനു നന്ദി സുബൈര്‍ .

< \ > മത്തായിയും, ലൂകൊസും മാര്‍കോസിനെ ഏകദേശം മുഴുവായും തെന്നെ "ഈച്ച കോപി" തെന്നെ ചെയ്യുകയായിരുന്നു. < / >

താങ്കളെ പോലെ ബൈബിള്‍ തലകീറി പരിസോധിക്കുന്നവര്‍ ഇത് ഒരു ഒറ്റ വാക്കില്‍ ഒതുക്കിയത് ശരിയായില്ല എന്ന പരിഭവം മാത്രം.

< \ > സാജന് സംശയം ഉണ്ടെങ്കില്‍ രു പരീക്ഷണം നടത്തി നോക്കുക. ഒരു പത്തു പോരോട് ഒരു സംഭവത്തെ ക്കുറിച്ചോ, വ്യക്തിയെ ക്കുറിച്ചോ ഏതാനും പേജുകള്‍ എഴുതാന്‍ ആവശ്യപ്പെടുക. എന്നിട്ട് അവ തമ്മില്‍ താരതമ്യം ചെയ്ത്, അവരില്‍ ഏതെന്കിലും രണ്ടാളുകള്‍, സമാന്തര സുവിശേഷങ്ങളില്‍ കാണുന്ന പോലെ, ഏറെക്കുറെ ഒരേ വാക്കുകള്‍ ഉപയോഗിച്ച് ഒരേ ക്രമത്തില്‍ ആണോ എഴുതിയിട്ടുള്ളത് എന്ന് പരിശോധിക്കുക. < / >

ഈ പരീക്ഷണം അലിക്കോയയ്ക്ക് കൂടി ബോധ്യപെട്ടാല്‍ നന്നായിരുന്നു. "കുരിശു മരണം ഒരു കെട്ടു കഥ " എന്ന ബ്ലോഗില്‍ ആദേഹം കണ്ട പ്രധാന കുഴപ്പം നാല് പേരും നാല് തരത്തില്‍ എഴുതി എന്നതായിരുന്നു.

< \ > അഥവാ യേശുകഥകള്‍ മാര്കൊസില്‍ നിന്നും മത്തായില്‍ എത്തുമ്പോഴേക്കു ഒരു പാട് പരിണമിക്കുന്നതായി നാം കാണുന്നു. ഇത് പിന്നീട് അവസാനം എഴുതപെട്ട നാലാം സുവിശേഷത്തിലേക് എത്തുമ്പോഴേക്കു ദൈവത്തിനും സൃഷ്‌ടിക്കും ഇടയിലുള്ള ഏജന്റായി യേശു മാറുന്നു.
< / >
ഇത് കേട്ടാല്‍ തോന്നും യോഹന്നാന്‍ മറ്റു മൂന്നു പേരെയും കോപ്പി അടിക്കുകയായിരുന്നു എന്ന്. അങ്ങിനെ താങ്കള്‍ ഉദ്ദേസിച്ചുവോ?
മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തമായി ആത്യാത്മിക തലത്തിലാണ് യോഹന്നാനിന്റെ സുവിശേഷ രചന എന്ന് താങ്കള്‍ക്ക് അറിയുമായിരിക്കും എന്ന് ഞാന്‍ കരുതുന്നു.

< \ > അത് പിന്നെയും പരിണമിച്ചാണ് യേശു ദൈവം തെന്നെയായി മാറുന്നത്. < / >
അഞ്ചാമത്തെ ഒരു കാനോനിക സുവിശേഷത്തെ പറ്റി ഞാന്‍ കേട്ടിട്ടില്ല.


< \ > അഥവാ യേശുകഥകള്‍ മാര്കൊസില്‍ നിന്നും മത്തായില്‍ എത്തുമ്പോഴേക്കു ഒരു പാട് പരിണമിക്കുന്നതായി നാം കാണുന്നു. < / >

ഇതില്‍ ഒരു കൂട്ടി ചേര്‍ക്കല്‍ കൂടി നടത്തുവാന്‍ ആഗ്രഹിക്കുന്നു. ഇങ്ങനെ പരിണമിച്ചു പരിണമിച്ചു ഏഴാം നൂറ്റാണ്ടില്ലെത്തിയപ്പോള്‍ യേശു കഥകള്‍ ഒരു മിത്തായി രൂപാന്തരപ്പെട്ടു. അത്ഭുതം തന്നെ.